BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Monday 17 June 2013

'കമ്പി' വന്നു... ടെലഗ്രാം മരിക്കുന്നു!

നിങ്ങള്‍ക്കത്ര പരിചയമുണ്ടാവില്ല. നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അപ്പൂപ്പനോ ഒക്കെ അറിയാം... കമ്പി വന്നു എന്നു കേട്ടാല്‍ അന്നൊക്കെ ആളുകളുടെ നെഞ്ചിലൊരു പിടപിടപ്പാണ്. വയറ്റില്‍നിന്നൊരു ഉരുണ്ടുകേറ്റം. കാരണം സംഗതി അത്ര സീരിയസ്സല്ലെങ്കില്‍ കമ്പി വരില്ല. വന്നാല്‍ അതൊരു ചില്ലറ കേസാവില്ലതന്നെ!

വാര്‍ത്താവിനിമയ രംഗത്ത് ഇന്നു കാണുന്ന വിപ്ലവങ്ങളൊന്നും നടക്കാത്ത കാലത്ത്, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊന്നും കേട്ടുകേഴ്‌വി പോലുമില്ലാതിരുന്ന കാലത്ത് വിദൂരസ്ഥലങ്ങളിലേക്ക് വിവരങ്ങളെത്തിച്ചിരുന്നത് ഇത്തരം കമ്പി സന്ദേശങ്ങളിലൂടെയാണ്. ടെലഗ്രാം എന്നതിന്റെ തനി നാടന്‍ പ്രയോഗമായിരുന്നു കമ്പി. എന്തായാലും ഇന്നും ടെലഗ്രാം സന്ദേശങ്ങളയയ്ക്കപ്പെടുന്നുണ്ട് എന്നറിയാമോ? രാജ്യത്തെ ടെലഗ്രാം സര്‍വീസ് ദാതാക്കളായ ബിഎസ്എന്‍എല്‍ ദിനം പ്രതി ഏതാണ്ട് 5000 സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതും നിര്‍ത്തുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. 2013 ജൂലൈ 15 ന് അവസാന ടെലഗ്രാം സന്ദേശം അയയ്ക്കപ്പെടും. പിന്നീട് ഇത് ഗൃഹാതുരത്വമുള്ള ചരിത്രസ്മൃതി മാത്രം.

1850ലായിരുന്നു അത്. ഹൂഗ്ലി നദിക്കരയിലുള്ള ഡയമണ്ട് ഹാര്‍ബര്‍ എന്ന സ്ഥലത്തിനും കല്‍ക്കട്ടയ്ക്കുമിടയില്‍ ഒരു ടെലഗ്രാം സന്ദേശം അയയ്ക്കപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ കമ്പി സന്ദേശം. വാഷിംഗ്ടണ്‍ ഡിസിയില്‍വച്ച് സാമുവല്‍ എഫ്. ബി. മോഴ്‌സ് ലോകത്താദ്യമായി ഒരു കമ്പി സന്ദേശമയച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ഈ സംഭവം. ഇന്ത്യയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സായിപ്പ, വില്ല്യം ഒഷോഗ്‌നസ്സി, പക്ഷേ മോഴ്‌സിന്റെ കോഡിനെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ലത്രേ! അതുകൊണ്ട് രണ്ടും രണ്ടുതരത്തിലുള്ള കോഡായിരുന്നു ഉപയോഗിച്ചത്. ടെലഗ്രാം സാങ്കേതികവിദ്യയുടെ പ്രാധാന്യം മനസ്സിലാക്കിയ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇതിന് പ്രചാരം നല്‍കി. 1856 ആയപ്പോഴേക്കും ഇന്ത്യയില്‍ 4000 മൈല്‍ ദൂരത്തില്‍ ടെലഗ്രാം നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചു.
വില്ല്യം ഒഷോഗ്‌നസ്സി

നീണ്ട 163 വര്‍ഷങ്ങള്‍ക്കുശേഷം ടെലഗ്രാം നിര്‍ത്തുമ്പോള്‍ ഒപ്പം മറയുന്നത് ഒരു കാലഘട്ടത്തിന്റെ സ്പന്ദനം കൂടിയാണ്. എന്നാല്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാനുള്ള ആര്‍ക്കും വേണ്ടാത്ത ഈ സേവനം എന്തിനു തുടരണം എന്നതാണ് ബിഎസ്എന്‍എല്‍ ചിന്ത.

അപ്പോള്‍, ഓര്‍ക്കുക... 2013 ജൂലൈ 15... ഒരു ടെലഗ്രാം അയ്‌യ്ക്കാന്‍ താല്പര്യമുണ്ടോ? അവസാന ടെലഗ്രാം അയച്ച വ്യക്തി എന്ന നിലയില്‍ ഒരു ചരിത്രക്കുറിപ്പില്‍ നിങ്ങള്‍ക്കും ഇടം കിട്ടിയേക്കാം...!

No comments:

Post a Comment

Top News

Labour India